Friday, March 29, 2024
Home Blog

ലോകത്തിലെ പ്രശസ്തമായ പത്തു ബാർബർഷോപ്പുകളുടെ വിശേഷങ്ങൾ | Top 10 EXPENSIVE Barber Shops

0

നിങ്ങൾ രമേശ്‌ ബാബു എന്നൊരു കർണ്ണാടക സ്വദേശിയെപ്പറ്റി കേട്ടിട്ടുണ്ടോ.. ??

ഇന്ത്യയിലെ ഏറ്റവും ധനികനായ ബാർബർ ആണ് അദ്ദേഹം. ജഗ്വാർ മുതൽ റോൾസ് റോയ്‌സ് വരെയുള്ള നാനൂറിലേറെ ആഡംബരകാറുകളുടെ ഉടമയാണ് കക്ഷി.

ചിലർക്ക് ബാർബർ എന്നത് ഒരു തൊഴിൽ ആണെങ്കിൽ ചിലർക്കത് ഒരു കലയാണ്.

നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, ഒരു കൈപ്പിഴ സംഭവിച്ചാൽ ജോലി തന്നെ വെള്ളത്തിലാവുന്ന ഒരു പ്രൊഫഷൻ ആണ് ബാർബർ.

 

ലോകത്തിലെ ഏറ്റവും ആഡംബരം എറിയതും പ്രശസ്തമായതുമായ പത്തു ബാർബർഷോപ്പുകളുടെ വിശേഷങ്ങളാണ് ഇനി പറയുന്നത്.

10. FIGARO’S BARBERSHOP (LISBON)

ഡേവിഡ് ബെക്കാം തന്റെ കളി മികവിലൂടെ മാത്രമല്ല ഹെയർസ്റ്റൈൽ വഴിയും ആരാധകപ്രീതി നേടിയ ഫുട്ബോൾ ഇതിഹാസം ആയിരുന്നു.ആ ഡേവിഡ് ബെക്കാമിന്റെ നിരവധി ഹെയർകട്ടുകളുടെ ഉടമ ആരാണെന്നു അറിയാമോ.

ഫാബിയോ മാർക്വേസ് എന്നാണ് പുള്ളിയുടെ പേര്. ഇദ്ദേഹമാണ് ഫിഗാരോയുടെ ഇപ്പോഴത്തെ ഉടമ. കസ്റ്റമർക്ക് നൽകുന്ന സേവനങ്ങളിലും ഇവർ വ്യത്യസ്തത പുലർത്തുന്നു. ക്യൂവിൽ നിൽക്കുന്ന കസ്റ്റമർക്ക് ബിയറും വിസ്‌കിയും നൽകിയാണ് ഇവർ സൽക്കരിക്കാറുള്ളത്.

9. LA BARBIERE AT THE HOTEL DE CRILLON (PARIS)

ഡി ക്രില്ലോണിന്റെ പ്രത്യേകത എന്താണെന്നുവച്ചാൽ ഇതിനുള്ളിൽ ഒരൊറ്റ സീറ്റ് മാത്രമേ ഉള്ളു. ഒരു സമയം ഒരൊറ്റ കസ്റ്റമർക്ക് മാത്രമേ ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു എന്ന് സാരം. മുടി വെട്ടാൻ വരുന്നവർക്ക് സിഗരറ്റ് വലിക്കുകയോ ഫോൺ നോക്കി ഇരിക്കുകയോ പുസ്തകം വായിക്കുകയോ അങ്ങനെ എന്തുവേണമെങ്കിലും ചെയ്യാം. അതിനിടയിൽ നിങ്ങളെ സുന്ദരക്കുട്ടപ്പൻ ആക്കിത്തരുന്ന കാര്യം ബാർബർ ചെയ്തോളും.

8. MANIFESTO (LONDON)

നിങ്ങൾ ഡൊണാൾഡ് ജഡ് എന്നൊരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ.. അമേരിക്കയിലെ പ്രശസ്ത ആർട്ടിസ്റ്റും, കലാകാരനും, മിതവാദിയും ഒക്കെയായി അറിയപ്പെടുന്ന ആളായിരുന്നു കക്ഷി. . അദ്ദേഹം ഒരു ബാർബർഷോപ്പ് നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് ഒരു കവിതപോലെ സുന്ദരമായിരിക്കും. തേയ്ക്കാത്ത ഇഷ്ടിക ചുവരുകളും, ലെതർ കസേരയും ചെറുതായി മിനുക്കിയ കോൺക്രീറ്റ് നിലകളോടും കൂടി പുരാതന രീതിയിൽ ആണ് ഈ ബാർബർ ഷോപ് നിർമിച്ചിരിക്കുന്നത് . നനുത്ത ഷേവിങ്ങും പ്രത്യേകതരം ഹെയർകട്ടിങ്ങും ഉള്ള ഇവിടുത്തെ ഏറ്റവും മികച്ച ആകർഷണം മസാജിങ് ആണ്.

7. TRUEFITT & HILL (LONDON)

1805-ൽ വില്യം ഫ്രാൻസിസ് ട്രൂഫിറ്റ് ആരംഭിച്ചതാണ് ഈ ബാർബർ ഷോപ്പ്. പഴക്കത്തിന്റെ വീര്യം തന്നെയാണ് ഈ സ്ഥാപനത്തിന്റെ പ്രശസ്തിക്ക് കാരണം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം കൂടിയ ബാർബർഷോപ്പാണ് ട്രൂഫിറ്റ് ആൻഡ് ഹിൽ. വിൻസ്റ്റൺ ചർച്ചിൽ, ഫ്രാങ്ക് സിനാട്ര, എഡിൻബർഗ് ഡ്യൂക്ക് എന്നീ പ്രശസ്തരായ വ്യക്തികൾ ഒക്കെത്തന്നെ ഈ സ്ഥാപനത്തിന്റെ ക്ലയന്റുകൾ ആയിരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാവുമല്ലോ സ്ഥാപനത്തിന്റെ പെരുമ . ഇവരുടെ ക്ലയന്റ് പട്ടികയിൽ ലോകപ്രശസ്തരായ നിരവധി ആളുകൾ ഉള്ളതായി കാണാം . ഇവർ മുംബൈയിൽ ഇവരുടെ ഒരു ബ്രാഞ്ച് തുടങ്ങാൻ പദ്ധതി ഇടുന്നതായുള്ള വാർത്തകൾ ഈയ്യിടെ പത്രങ്ങളിൽ വന്നിരുന്നു.

6. NOMAD BARBER (LONDON & BERLIN)

മിഗുവൽ ഗുട്ടറസ് എന്ന ഈ ബാർബർ ഷോപ്പിന്റെ ഉടമ ഇരുപതോളം രാജ്യങ്ങൾ സന്ദർശിച്ച് 10 മാസത്തോളം ഓരോരോ രാജ്യങ്ങളിലെയും പ്രാദേശിക വസ്ത്രധാരണരീതികളും ആചാരങ്ങളും പഠിച്ചു തന്റെ അനുഭവസമ്പത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങിയ സ്ഥാപനമാണ് നൊമാദ് ബാർബർ. പലരും ബാർബർഷോപ്പ് എന്നത് ഒരു കടയ്ക്കുള്ളിൽ വച്ചു ചെയ്യുന്ന പ്രവർത്തി ആയി കാണുമ്പോൾ നൊമാദ് ബാർബർമാർ പബ്ലിക് ആയും പ്രകൃതിയോട് ഇണങ്ങിയും പൊതുസ്ഥലത്തും വച്ച് ഒരു ഉത്സവ പ്രതീതിയിൽ ആണ് കട്ടിങ് നടത്തുന്നത്. തുർക്കിഷ് ഹെഡ് സ്റ്റൈൽ മുതൽ ഇന്ത്യൻ ഹെഡ് മസാജ് വരെ ഇവരുടെ പ്രത്യേകതയാണ്.

5. FILTHY RICH BARBERSHOP (NEW YORK)

പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ റിച്ചാണ് ഈ സ്ഥാപനവും. 2006 ലാണ് ഫിൽത്തി റിച്ച് ബാർബർ ഷോപ്പ് തുറന്നുപ്രവർത്തനമാരംഭിച്ചത്. അതിനുശേഷം ആ ബാർബർ ഷോപ്പിൽ നിന്ന് മുടി വെട്ടുക എന്നത് ഒരു സ്റ്റാറ്റസ് സിമ്പൽ പോലെ ആയി മാറിക്കഴിഞ്ഞു. പോപ്പ് സ്റ്റാറുകൾ സിനിമാ താരങ്ങൾ സ്പോർട്സ് താരങ്ങൾ എന്നുവേണ്ട സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരുടെ സ്ഥിരം മുടിവെട്ട് കേന്ദ്രം ന്യൂയോർക്കിലെ ഈ ബാർബർഷോപ്പ് ആണ്. സാധാരണ കാണുന്ന ബാർബർഷോപ്പുകളിൽ നിന്ന് വലിയ വ്യത്യാസം ഒന്നുമില്ലെങ്കിലും തങ്ങളുടെ മാർക്കറ്റിങ് തന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവർ ഇത്തരമൊരു ആകർഷണീയത തങ്ങളുടെ സ്ഥാപനത്തിന് ഉണ്ടാക്കിയെടുത്തത്.

4. DEEP CUTS (SINGAPORE)

ഫാസ് ഇസ്മായിൽ എന്നൊരു 24 വയസ്സുകാരൻ കുറച്ചു കൂട്ടുകാരുടെ സഹായത്തോടെ 2012 ൽ ആരംഭിച്ച സ്ഥാപനമാണ് ഡീപ് കട്ട്‌സ്.

കമ്പോംഗ് ബഹ്രു റോഡിലെ ഒരു ചെറിയ ഒറ്റമുറിയിൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വളർന്നു വലുതായി ലോകം മുഴുവൻ അറിയപ്പെടുന്ന തരത്തിലുള്ള പ്രശസ്തി സ്വായത്തമാക്കിക്കഴിഞ്ഞു. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ പ്രശസ്തി ആർജ്ജിക്കുന്നതോടോപ്പോം, ബാർബർമാർക്കുള്ള ക്ലച്ച് അവാർഡും ഈ സ്ഥാപനം കരസ്ഥമാക്കി.

ഡീപ് കട്ട്‌സ് ഒരു ബാർബർഷോപ്പ് എന്നതിനോടൊപ്പം തന്നെ സ്വന്തം പാഷനെ സ്നേഹിക്കുന്ന വ്യക്തികൾക്ക് പ്രചോദനം നൽകുന്ന ഒരു യഥാർത്ഥ കഥ കൂടി ഉൾക്കൊള്ളുന്നുണ്ട്.

3. JIMMY RODS (BRISBANE)

നേർത്ത കരിനിറമുള്ള ചുവരുകളും മരം കൊണ്ടുള്ള പാനലിങ്ങും ഉള്ള ജിമ്മി റോഡ്‌സ് ബാർബർഷോപ്പ് വിശ്രമത്തിന്റെയും സുഖസൗകര്യങ്ങളുടെയും പറുദീസയാണ്. തുടങ്ങി ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ ബ്രിസ്ബെയ്നിൽ ഉടനീളം ഒൻപത് ബാർബർഷോപ്പ് തുടങ്ങാൻ ജിമ്മി റോഡ്‌സിന് സാധിച്ചു. ഇവിടെ ചെന്ന് മുടിവെട്ടണമെങ്കിൽ മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് നിര്ബന്ധമാണ് . ബാർബർഷോപ്പിന് ഒപ്പം തന്നെ വിസ്കിബാറും, മികച്ച ഭക്ഷണം ലഭിക്കുന്ന ഒരു റെസ്റ്റോറന്റും ഇവർ കസ്റ്റമർക്ക് നൽകുന്നുണ്ട്. ലെതർ കസേരകൾ, ഗെയിം സ്റ്റേഷൻ, പ്ലെയിങ് സിസ്റ്റം എന്നിവയൊക്കെത്തന്നെ ജിമ്മി റോഡ്സിന്റെ മുഖ്യ സവിശേഷതകളാണ്.

2. MANLY AND SONS BARBER COMPANY (LA)

മാൻലി ആൻഡ് സൺസ് ബാർബർ കമ്പനി 2014 ലാണ് ആരംഭിച്ചത്. പക്ഷെ ഞൊടിയിട വേഗത്തിലായിരുന്നു അവരുടെ വളർച്ച. ഇപ്പോൾ ലോസ് ഏഞ്ചൽസിൽ അവർക്ക് മൂന്ന് ബ്രാഞ്ചുകൾ സ്വന്തമായുണ്ട്. പരമ്പരാഗതമായ ഹെയർ സ്റ്റൈലുകൾ ആണ് ഇവർ ചെയ്തുകൊടുക്കുന്നത് പക്ഷെ അത് ചെയ്യാൻ ഇവർ ഉപയോഗിക്കുന്നത് ഏറ്റവും അത്യാധുനിക ഉപകരണങ്ങളാണ്. ക്ലാസ്സിക്‌ ബാർബർ കസേരകളും, വിന്റേജ് ഫർണിച്ചറുകളും, ബാർബർമാരുടെ ആകര്ഷണനീയമായ വസ്ത്രങ്ങളും ഏതൊരാളെയും ആകർഷിക്കാൻ പോകുന്നവയാണ്.

1. ERA BARBERS (HONG KONG)

ഹോങ്കോങിന്റെ പ്രശസ്തി എന്നതുതന്നെ അവിടെയുള്ള ബ്യുട്ടീക്കുകൾ ആണ്. അവയുടെ കൂട്ടത്തിലെ രാജാവാണ് ഏറ ബാർബേർസ്. 2014ലാണ് ഏറ ബാർബേഴ്സും പ്രവർത്തനം ആരംഭിച്ചത്. സാധാരണ ഷേവിങ് മുതൽ മുഖത്തിന്റെ നിറവ്യത്യാസങ്ങൾ വരെ പരിഹരിക്കുന്നതിൽ വിദഗ്ദ ട്രെയിനിങ് നേടിയ ബാർബർമാർ ഇവരെ തിരക്കുള്ള ഒരു വ്യവസായസ്ഥാപനമാക്കി മാറ്റുന്നു. ഹെയർ കളറിങ് ആണ് ഇവരുടെ മറ്റൊരു സവിശേഷത. നിങ്ങളുടെ മുടിക്ക് ഏത് കളർ വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചാലും അത് പ്രാവർത്തികമാക്കിത്തരാൻ ഏറ ബാർബേഴ്സിനെ സമീപിച്ചാൽ മതിയാവും. ഇത്രയും സൗന്ദര്യവർദ്ധക മാർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന വേറൊരു സ്ഥാപനം ഹോങ്കോങ്ങിൽ വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായതും വിലകൂടിയതുമായ ബാർബർ ഷോപ്പുകളുടെ വിശേഷമാണ് ഇതൊക്ക.

എന്തോ കേരളത്തിൽ ബാർബർ ജോലി ഒരു മോശമായി കാണുന്ന ചെറിയ മനസ്സുള്ളവർ ഇപ്പോഴും നിലവിലുണ്ട്.

എല്ലാത്തരം ജോലികളെയും ബഹുമാനിക്കുവാൻ ഇനിയും നമ്മളിൽ കുറച്ചുപേരെങ്കിലും പഠിക്കേണ്ടയിരിക്കുന്നു എന്നത് സങ്കടകരമായ കാര്യമാണ്.