Saturday, April 20, 2024
Home Blog

വലിയ വിദ്യാഭ്യാസം ഇല്ലെങ്കിലെന്താ വീട്ടിൽ നന്നായി നിൽക്കുന്ന ഒരു മരുമകളെ അവർക്ക് കിട്ടിയില്ലേ..

0

shortstory

മരുമകൾ
എഴുത്ത്: റിൻസി പ്രിൻസ്

“ആ സുധയുടെ ഇളയ മരുമകളെ കണ്ടിട്ടില്ലേ.. ആരെയും കൂസാത്ത പ്രകൃതം ആണ്… അങ്ങോട്ട് ചിരിച്ചാൽ തിരിച്ചു ചിരിക്കും…….. ഇല്ലാതെ ഒരു വാക്ക് മിണ്ടില്ല ഇങ്ങോട്ട് കേറി…..ജോലിക്ക് പോകുന്നത് കണ്ടിട്ടില്ലേ സ്കൂട്ടറിൽ ആണ് പോകുന്നതും വരുന്നതുമൊക്കെ… ജോലിക്ക് ആണെന്നും പറഞ്ഞ് രാവിലെ കെട്ടിയോരുങ്ങി പോകുന്നത് ഒന്ന് കാണണം…..,

സുധ പറയുന്ന ഒന്നും കേൾക്കില്ല….,
സുധ മാത്രമല്ല ഭർത്താവ് പറയുന്നതും കേൾക്കുകയില്ല എന്നാണ് പറയുന്നത്…
സ്വന്തമായിട്ട് ഒരു ജോലി ഉള്ളെന്റെ അഹങ്കാരം….സീത അരിശത്തോടെ പറഞ്ഞു….പെൺപിള്ളേർക്ക് വിദ്യാഭ്യാസവും ജോലിയും ഉണ്ടേൽ പിന്നെ അഹങ്കാരം ആണ്….

സാവിത്രി ഏറ്റുപിടിച്ചു….സീതയുടെയും സാവിത്രിയുടയും ഈ പരദൂഷണം ചൂടുപിടിയ്ക്കുന്നതിന്റെ ഇടയിലൂടെയാണ് പെട്ടെന്ന് ലാവണ്യയുടെ ആക്ടീവ കടന്നുപോയത്……

ഒരു ലോങ്ങ്‌ കുർത്തിയും ജഗ്ഗിങ്‌സും ഇട്ടു ആരെയും നോക്കാതെ ഹെൽമറ്റ് തലയിൽ വെച്ച് അവൾ കടന്നുപോയതോടെ അവരുടെ സംസാരങ്ങൾ വീണ്ടും തകൃതി ആകാൻ തുടങ്ങി…

” പോക്ക് കണ്ടില്ലേ അഹങ്കാരിയുടെ…..ഇവൾ ഒന്നുമല്ലെങ്കിൽ ആ ചെറുക്കന്റെ കൂടെ സ്നേഹിച്ച് ഇറങ്ങി വന്നതല്ലേ..നേരെചൊവ്വേ കല്യാണം കഴിച്ച് വന്നതാണെങ്കിൽ പോലും കുഴപ്പമില്ലായിരുന്നു….

പറഞ്ഞിട്ടും പറഞ്ഞിട്ടും സീതയ്ക്ക് കലി തീരുന്നില്ല……” അതിനൊക്കെ അവരുടെ മൂത്ത മരുമകൾ…..എന്തൊരു ഐശ്വര്യമാണ് അതിനെ കാണാൻ….
മാത്രമോ സുധയും മകനും പറയുന്നതിനപ്പുറം ആ കുട്ടിക്ക് ഒന്നും ഇല്ല……
എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് തുളസിത്തറയിൽ വിളക്ക് വയ്ക്കുന്നത് കാണാം…..

വീട്ടിലെ എല്ലാ ജോലികളും തന്നെയാ ചെയ്യുന്നത്…..
വലിയ വിദ്യാഭ്യാസം ഇല്ലെങ്കിലെന്താ വീട്ടിൽ നന്നായി നിൽക്കുന്ന ഒരു മരുമകളെ അവർക്ക് കിട്ടിയില്ലേ..

രജനിയെ പറ്റി പറഞ്ഞപ്പോഴേക്കും സീതയുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം കാണുന്നുണ്ടായിരുന്നു…സാവിത്രിയും ഓർത്തു…രജനി അവൾ പ്രിയങ്കരിയാണ്…
നാട്ടുകാർക്ക് എല്ലാവർക്കും പ്രിയങ്കരിയാണ്…..

ആരെ കാണുമ്പോഴും ഒരു പുഞ്ചിരി നൽകാറുണ്ട്…..
ചെറുതായി എല്ലാരോടും കുശലം പറയും……വീട്ടിൽ നിന്നും അധികം പുറത്തിറങ്ങിയില്ലങ്കിലും പരിചയക്കാരെ എല്ലാവരെയും അവൾക്ക് അടുത്തറിയാം…..

രജനി വിവാഹം കഴിഞ്ഞ് വന്നിട്ട് പത്ത് വർഷത്തിലധികമായി……
രണ്ടു കുട്ടികളുണ്ട്…..ഭർത്താവ് സുമേഷ് ഗൾഫിലാണ്…..
നാട്ടുകാരുടെ കണ്ണിലെ കുല സ്ത്രീയാണ് രജനി ….

എന്നാൽ രണ്ടാമത്തെ മരുമകൾ ലാവണ്യ നേരെ എതിർ അഭിപ്രായം ആണ് എല്ലാർക്കും……തന്റെടിയും അഹങ്കാരിയും ആണ് എന്നാണ് പൊതുവെ സംസാരം……
മൂന്നാല് മാസമേ ആയിട്ടുള്ളൂ വിവാഹം കഴിഞ്ഞ് വന്നിട്ട്…

അതും സുമേഷിന്റെ അനിയൻ സഞ്ജുവുമായി പ്രണയത്തിൽ ആയതിനെ തുടർന്ന് വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അവനൊപ്പം ഇറങ്ങി വന്നതായിരുന്നു ലാവണ്യ..രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം നടത്തുകയായിരുന്നു….

രജനിയെ പോലെയല്ല ലാവണ്യ അധികം സംസാരിക്കാത്ത കൂട്ടത്തിൽ ആണ്…..
പരിചയക്കാരെ കണ്ടാൽ ഒന്ന് പുഞ്ചിരിച്ചാൽ ആയി……ആരെയും കൂസാത്ത പ്രകൃതം ആണ്….തന്റെ നിലപാട് ആർക്കുമുന്നിലും തുറന്ന് പറയും…..

അങ്ങനെ ആണ് സഞ്ജുവിനു ഒപ്പം ഉള്ള വിവാഹം പോലും…..
സഞ്ജുവിനെ ആദ്യം ലാവണ്യയുടെ വീട്ടുകാർക്ക് ഇഷ്ടം ആയിരുന്നു എന്നാൽ സഞ്ജുവിനെക്കാൾ നല്ല ജോലി ഉള്ള ഒരു പയ്യന്റെ ആലോചന വന്നപ്പോൾ വീട്ടുകാർ സഞ്ജുവിനെ ഉപേക്ഷിക്കാൻ പറഞ്ഞു അതുകൊണ്ട് ആണ് അവൾ അവനൊപ്പം ഇറങ്ങി പുറപ്പെട്ടത്….

ഡിഗ്രി കഴിഞ്ഞ് ഒരു സൂപ്പർമാർക്കറ്റ് അക്കൗണ്ടൻറ് ആയി ജോലി ചെയ്യുകയാണ് ലാവണ്യ…..ജോലി സ്ഥലത്തേക്ക് പോകാൻ അല്പം ദൂരകൂടുതലുള്ളതുകൊണ്ട് സഞ്ജു തന്നെയാണ് അവൾക്ക് പുതിയ വണ്ടി വാങ്ങി കൊടുത്തത്……

ഡ്രൈവിംഗ് അറിയാവുന്നത് കൊണ്ടും ബസ്സിൽ നിൽക്കുന്ന ബുദ്ധിമുട്ട് കൊണ്ടും ലാവണ്യ എന്നും രാവിലെ വണ്ടിയിൽ പോവുകയാണ് പതിവ്…..

സുധയുടെ വീട്ടിൽ രണ്ട് പശുക്കൾ ഉണ്ട്…
അവിടെ നിന്നാണ് സീത പാൽ വാങ്ങുന്നത്…..
പാലു വാങ്ങാൻ പോയ വഴി ലാവണ്യ കണ്ടപ്പോൾ അവർ ചെറിയ കുശലാന്വേഷണം പോലെ ഒന്ന് ചോദിച്ചിരുന്നു…

എന്താണ് കൊച്ചേ സിന്ദൂരം കുറച്ചു ഇട്ടേക്കുന്നത് കാണാൻ പോലും ഇല്ലല്ലോ നിനക്ക് നിന്റെ കേട്ടിയോനോട് സ്നേഹം ഇല്ലേ….?

സിന്ദൂരത്തിന്റെ അളവിൽ ആണോ ഭർത്താവിനോട് ഉള്ള സ്നേഹം….എന്ന മറുപടിയായിരുന്നു അവൾ പറഞ്ഞത് …
അതിന്റെ ദേഷ്യം ആണ് സീത തീർത്തത്…

ഒന്ന് രണ്ട് ആഴ്ചകൾക്ക് ശേഷം ആ നാട്ടിൽ ഒരു വാർത്ത പടർന്നു….സുധയുടെ മൂത്ത മരുമകൾ സൽസ്വഭാവിയായ രജനി 2 കുട്ടികളെയും ഉപേക്ഷിച്ച് തന്നെക്കാൾ പ്രായം കുറഞ്ഞ കാമുകനൊപ്പം എവിടേക്കൊ പോയി…..
അതും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ദിവസങ്ങൾ മാത്രം പരിചയമുള്ള ഒരാളുടെ ഒപ്പം…..

” അല്ലെങ്കിലും എനിക്കറിയായിരുന്നു അവൾ ശരിയല്ല എന്ന്……ആ പെൺകൊച്ച് മിണ്ടാപൂച്ച പോലെ ഇരിക്കുന്നത് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു.. .

അപ്പോഴും സീത അഭിപ്രായം പറഞ്ഞു….ആരോടും അധികം ചിരിക്കാറില്ല എങ്കിലും…,തമാശ പറഞ്ഞ് സംസാരിക്കാറില്ല എങ്കിലും…..
പടർത്തി സിന്ദൂരം തൊട്ടില്ല എങ്കിലും….,

അഹങ്കാരി ആണ് എങ്കിലും ലാവണ്യ ഇപ്പോഴും ജീവിക്കുന്നത് അവളുടെ ഭർത്താവിനും വീട്ടുകാർക്കും വേണ്ടി തന്നെയാണ്….

സ്വന്തം കാലിൽ നിൽക്കുന്നത് പെണ്ണിന്റെ അഹങ്കാരം അല്ല അവകാശം ആണ്….
സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടാകുന്നതും അത്‌ തുറന്നു പറയുന്നതും ഒന്നും അവൾ അഹങ്കാരി ആയതുകൊണ്ട് അല്ല…

മറിച്ചു അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ ഉള്ള പക്വത അവൾക്ക് ഉള്ളത് കൊണ്ടാണ്…..ഒരു പെൺകുട്ടിയുടെ സ്വഭാവത്തിന്റെ അളവുകോൽ അവൾ എങ്ങനെ മറ്റുള്ളവരോട് സംസാരിക്കുന്നു, എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നത് മാത്രമല്ല….അവൾ പ്രവർത്തിയിലൂടെ എന്ത് ചെയ്യുന്നു എന്ന് കൂടെ ആണ്….