Friday, March 29, 2024
Home Blog

നിങ്ങളാഗ്രഹിക്കുമ്പോൾ മോനെയും മോളെയുമൊക്കെ എടുത്ത് തരാൻ ഞാനൊരു യന്ത്രമൊന്നുമല്ല

0

എഴുത്ത്: Saji Thaiparambu

 

സുധേ .. ഞാൻ നമ്മുടെ മോന് നല്ലൊരു പേര് കണ്ട് വച്ചിട്ടുണ്ട്,ഭാര്യയെ ലേബർ റൂമിൽ നിന്ന് വാർഡിലേക്ക് കൊണ്ട് വന്നപ്പോഴാണ്, ദിനേശൻ അവളുടെ അരികിൽ കിടന്നുറങ്ങുന്ന ചോരക്കുഞ്ഞിനെ നോക്കി വാത്സല്യത്തോടെയത് പറഞ്ഞത് .ഓഹ് അതിൻ്റെയാവശ്യമില്ല,അതൊക്കെ എൻ്റെ അച്ഛൻ നേരത്തെ തീരുമാനിച്ച് വച്ചിട്ടുണ്ട്,യദുകൃഷ്ണദാസ് ,അതായിരിക്കും അവന് ഇടാൻ പോകുന്ന പേര്നിർദ്ദയമായ് സുധ പറഞ്ഞത് കേട്ട് ദിനേശൻ അമ്പരന്നു.യദുകൃഷ്ണദാസോ? കൃഷ്ണദാസ് നിൻ്റെ അച്ഛൻ്റെ പേരല്ലേ? മോൻ്റെ പേരിനൊപ്പം എൻ്റെ പേരല്ലേ ചേർക്കേണ്ടത്?

അയാൾ ആകാംക്ഷയോടെ ചോദിച്ചുഅങ്ങനെ നിയമമൊന്നുമില്ലല്ലോ ? കൃഷ്ണദാസ് എന്ന പേരിന് ഒരു പഞ്ചൊക്കെയുണ്ട് ,അല്ലാതെ നിങ്ങടെ പേര് പോലെ പഴഞ്ചനല്ലഅനിഷ്ടത്തോടെയുള്ള ഭാര്യയുടെ സംസാരം വേദനിപ്പിച്ചെങ്കിലും, പിന്നീട് ഒരു തർക്കത്തിന് അയാൾ മുതിർന്നില്ല.അല്ലെങ്കിലും പണ്ട് മുതലേ അച്ഛനായിരുന്നു അവളുടെ ഹീറോ,വിവാഹത്തിൻ്റെ പിറ്റേമാസം ഗൾഫിലേക്ക് പോയ ദിനേശൻ, പിന്നീട് തിരിച്ച് വന്നത് , ആദ്യത്തെ

മോൾക്ക് രണ്ട് വയസ്സ് തികഞ്ഞപ്പോഴായിരുന്നു ,അന്നും അയാൾ പറഞ്ഞ പേരായിരുന്നില്ല, ഭാര്യ മകൾക്കിട്ടത് ,അച്ഛൻ്റെ നിർദ്ദേശപ്രകാരം, ഇന്ദുലേഖ എന്നായിരുന്നു അവർ മോളെ വിളിച്ച് കൊണ്ടിരുന്നത് .ഇനി എനിക്കൊരു മോനും കൂടി വേണം, കെട്ടോ സുധേ…അന്ന്, ഇന്ദു മോളെ നെഞ്ചോട് ചേർത്ത് പിടിച്ച് താലോലിക്കുമ്പോഴാണ്, ഭാര്യയോട് ദിനേശൻ തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

നിങ്ങളാഗ്രഹിക്കുമ്പോൾ മോനെയും മോളെയുമൊക്കെ എടുത്ത് തരാൻ ഞാനൊരു യന്ത്രമൊന്നുമല്ല ,രണ്ട് മാസത്തെ ലീവും കഴിഞ്ഞ് കാര്യവും സാധിച്ച് നിങ്ങളങ്ങ് പോകും ,അത് കഴിഞ്ഞ് ഗർഭം ചുമന്ന് നടക്കേണ്ടതും, വേദന തിന്ന് പ്രസവിക്കേണ്ടതും ഞാനല്ലേ? പിന്നെ അതിൻ്റെ കഷ്ടപ്പാട് മുഴുവൻ എൻ്റെ വീട്ടുകാർക്കും,അത് കൊണ്ട് തത്കാലം ഒരു മോള് മതി ,ഇനിയും സമയമുണ്ടല്ലോ ? നിങ്ങള് പ്രവാസമൊക്കെ മതിയാക്കി നാട്ടിൽ തിരിച്ചെത്തുമ്പോൾ അതിനെക്കുറിച്ചാലോചിക്കാംസുധ, അസന്നിഗ്ധമായി പറഞ്ഞപ്പോൾ നിരാശ തോന്നിയെങ്കിലും, അവള് പറഞ്ഞതിലും കാര്യമുണ്ടെന്ന് അയാൾക്ക് തോന്നി

അങ്ങനെ ലീവ് തീർന്ന്, തിരിച്ച് പോയെങ്കിലും, രണ്ടാഴ്ച കഴിഞ്ഞ് അയാൾക്കൊരു ഫോൺ കോള് വന്നു, നാട്ടിൽ നിന്ന് സുധയായിരുന്നത്.നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ? എനിക്ക് ഉടനെയൊന്നും പ്രസവിക്കാൻ വയ്യെന്ന് ,എന്നിട്ടും നിങ്ങളെന്നെ ചതിച്ചു ,അച്ഛൻ സമ്മതിക്കാത്തത് കൊണ്ടാണ്, അല്ലെങ്കിൽ ഞാനിതിനെ ഇല്ലാതാക്കിയേനെ,,,സുധയുടെ പൊട്ടിത്തെറി കേട്ട് അയാൾ വല്ലാതായി ,അവളുടെ ബുദ്ധിമുട്ടറിഞ്ഞപ്പോൾ തൻ്റെ ആഗ്രഹത്തിനയാൾ കടിഞ്ഞാണിട്ടിരിക്കുകയായിരുന്നു,

പക്ഷേ, മനുഷ്യനല്ലേ? ഒരു ദുർബ്ബല നിമിഷത്തിൽ പാതിയുറക്കത്തിൽ നിയന്ത്രണം വിട്ട് പോയി ,അതിന് അവളും കൂടി ഉത്തരവാദിയല്ലേ?അയാളത് ചിന്തിച്ച് തീരും മുൻപേ അപ്പുറത്ത് ഫോൺ കട്ട് ചെയ്തു.പിന്നെ കുറേ നാളത്തേയ്ക്ക് അയാൾ വിളിച്ചാൽ സുധ,ഫോൺ അറ്റൻ്റ് ചെയ്യാറില്ലായിരുന്നു, അച്ഛൻ കൃഷ്ണദാസായിരുന്നു അയാളോട് നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്.അങ്ങനെയാണ്, ഗൾഫിലെ തൻ്റെ ജോലി ഉപേക്ഷിക്കാൻ അയാൾ തീരുമാനിച്ചത് ,പക്ഷേ പെട്ടെന്ന് തന്നെ അയാൾക്ക് നാട്ടിലേക്ക് പോകാൻ കഴിയില്ലായിരുന്നു,

നിലവിലെ വിസയുടെ കാലാവധി തീരാൻ പിന്നെയും എട്ട് മാസം ബാക്കിയുണ്ടായിരുന്നുഅത് കൊണ്ട് സുധയുടെ രണ്ടാമത്തെ പ്രസവത്തിന് അവളെ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തപ്പോൾ മാത്രമാണ്, നാട്ടിലെത്താൻ അയാൾക്ക് സാധിച്ചത്.മോനേ.. നീ പോയി ഈ ഫ്ളാസ്കിൽ കുറച്ച് കാപ്പി വാങ്ങിച്ചോണ്ട് വാ ,ബണ്ണുണ്ടെങ്കിൽ അതും വാങ്ങിച്ചോളുസുധയുടെ അമ്മയുടെ ശബ്ദം കേട്ടാണ്, ദിനേശൻ ഭൂതകാലത്തിൽ നിന്ന് തിരിച്ചെത്തിയത്.ഫ്ളാസ്കുമായി, സ്റ്റെയർകെയ്സിറങ്ങിച്ചെല്ലുമ്പോൾ, ഇടനാഴിയിലൂടെ എതിരെ നടന്ന് വരുന്ന കൃഷ്ണദാസിനെ കണ്ട ദിനേശൻ്റെ മനസ്സിൽ, അമർഷം നിറഞ്ഞു.

നീയിതെങ്ങോട്ട് പോകുന്നു ദിനേശാ ..?ഞാൻ കാപ്പി വാങ്ങാൻ ക്യാൻറീനിലോട്ട് പോകുവാ,അയാൾ നീരസത്തോടെ പറഞ്ഞിട്ട് പുറത്തേയ്ക്ക് നടന്നു.വർഷങ്ങൾ കടന്ന് പോയി.യദു കൃഷ്ണൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സുപ്രധാന തീരുമാനങ്ങളെടുത്തിരുന്നത് കൃഷ്ണദാസായിരുന്നു.മകനെ നല്ലൊരു അദ്ധ്യാപകനായി കാണാനായിരുന്നു ദിനേശൻ്റെ ആഗ്രഹം, പക്ഷേ, യദു, മുത്തച്ഛൻ്റെ നിർദ്ദേശപ്രകാരം, എൽ എൽ ബി യെടുത്ത് വക്കീലായിഅച്ഛനെക്കാൾ യദുവിനിഷ്ടം മുത്തച്ഛനെയായിരുന്നു, അതിന് കാരണക്കാരി സുധ തന്നെയായിരുന്നു.

എഴുപതാം വയസ്സിലും ഊർജസ്വലനായ നിൻ്റെ മുത്തച്ഛനെ കണ്ട് പഠിക്കണം ,അല്ലാതെ നീ നിർഗ്ഗുണനായ നിൻ്റെ അച്ഛനെപ്പോലെയാകരുത്നിരന്തരം കേൾക്കുന്ന അമ്മയുടെ ജല്പനങ്ങൾ, യദു സായത്തമാക്കി.ഹൈക്കോടതിയിലെ ലീഡിങ്ങ് അഡ്വക്കേറ്റായ ശിവശങ്കർ മേനോൻ്റെ കീഴിൽ,ചെറുമകന് പ്രാക്ടീസ് ചെയ്യാൻ അവസരമുണ്ടാക്കി കൊടുത്തതിലൂടെ, യദുവിൻ്റെ മനസ്സിൽ മുത്തച്ഛൻ കാണപ്പെട്ട ദൈവമായി മാറി.ഒരിക്കൽ ശിവശങ്കർ മേനോൻ്റെ ഓഫീസ് സ്റ്റാഫായ രുഗ്മിണിയുമായി യദു ,അടുപ്പത്തിലാണെന്നറിഞ്ഞ കൃഷ്ണദാസ് പൊട്ടിത്തെറിച്ചു.

പണ്ടിവിടുത്തെ പുറംപണിക്ക് നിയോഗിച്ചിരുന്ന വേലൻ്റെ ചെറുമകളാണവള് ,ഒരിക്കൽ പോലും എൻ്റെ അച്ഛനോ, ഞാനോ വേലനെ ഈ തറവാടിനകത്ത് കയറ്റിയിട്ടില്ല, അറിയാവോ ഇനിയൊട്ട്കയറ്റത്തുമില്ല, അത് കൊണ്ട്, എൻ്റെ യദുമോൻ ആ മോഹമങ്ങ് ഉപേക്ഷിച്ചേയ്ക്ക്,,അറുത്ത് മുറിച്ചുള്ള കൃഷ്ണദാസിൻ്റെ മറുപടി കേട്ട് പുറത്ത് കാറ് കഴുകി കൊണ്ടിരുന്ന ദിനേശൻ അകത്തേയ്ക്ക് വന്നു .

അവന് ഇഷ്ടമാണെങ്കിൽ നമ്മളത് നടത്തി കൊടുക്കുന്നതല്ലേ നല്ലത്യദു അകത്തേയ്ക്ക് പോയി കഴിഞ്ഞപ്പോൾ ദിനേശൻ,കൃഷ്ണദാസിനോടാരാഞ്ഞു.അതിന് തന്നോടാരെങ്കിലും അഭിപ്രായം ചോദിച്ചോ ?അമ്പാട്ടെ കൃഷ്ണദാസിൻ്റെ ചെറുമകൻ ആരെ കല്യാണം കഴിക്കണമെന്ന് ഞാൻ തീരുമാനിച്ച് കൊള്ളാംഅടുത്തിരുന്ന കോളാമ്പിയിലേക്ക് കാർക്കിച്ച് തുപ്പിയിട്ട് കൃഷ്ണദാസ് എഴുന്നേറ്റു.ഒരിക്കൽ ടൗണിൽ പോയിട്ട് തിരികെ വീട്ടിലെത്തിയ ദിനേശൻ വിസിറ്റിങ് റൂമിലിരിക്കുന്നവരെ കണ്ട് അമ്പരന്നുകുന്നത്ത് തറവാട്ടിൽ നിന്ന് വന്നവരാണ് ,അവിടുത്തെ കുട്ടിയെ യദു മോന് വേണ്ടി ഞാനൊന്നാലോചിച്ചായിരുന്നു

അതിന് നമ്മുടെ വീടും ചുറ്റുപാടും കാണാൻ വന്നതാണ്ദിനേശനോട് സുധയാണ് കാര്യം പറഞ്ഞത് .എന്നിട്ട് യദു എവിടെ ? അവൻ ഇതിന് സമ്മതിച്ചോ?അയാൾ ഭാര്യയോട് ശബ്ദം താഴ്ത്തി ചോദിച്ചു.അവൻ രാവിലെ ഓഫീസിൽ പോയി,ഇതൊന്നും അവനറിഞ്ഞിട്ടില്ല ,എല്ലാം ഉറപ്പിച്ചതിന് ശേഷം അവനെ അറിയിച്ചാൽ മതിയെന്നാണ് അച്ഛൻ പറഞ്ഞത്,,അയാളെ മാറ്റിനിർത്തിയാണ് സുധ അത് പറഞ്ഞത്.അതവനോട് ചെയ്യുന്ന ചതിയല്ലേ സുധേ..,

സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവന് കൊടുത്തൂടെ?നിങ്ങളവിടെ മിണ്ടാതിരിക്ക്, അവൻ്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അച്ഛനാണ് ,അത് പോലെ ഇതും അച്ഛൻ തന്നെ തീരുമാനിച്ച് കൊള്ളും,,അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിട്ട്, സുധ അകത്തേയ്ക്ക് പോയി.ദിവസങ്ങൾക്ക് ശേഷം യദുവിൻ്റെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് ദിനേശൻ നടുത്തളത്തിലേക്ക് ചെല്ലുന്നത്.യദൂ… ,ഈ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് ,നിന്നെ വളർത്തിയതും, പഠിപ്പിച്ചതും നല്ലൊരു വക്കീലിൻ്റെ കീഴിൽ പ്രാക്ടീസിനയച്ചതും ഞാനാണെങ്കിൽ, നീയാരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നതും,

ഈ അമ്പാട്ടെ കൃഷ്ണദാസ് തന്നെയായിരിക്കും, എന്നെ ധിക്കരിച്ച്, ആ പെഴച്ചവളെ കല്യാണം കഴിക്കാനാണ് നിൻ്റെ തീരുമാനമെങ്കിൽ,ഇനി മുതൽ നിൻ്റെ സ്ഥാനം ഈ പടിക്ക് പുറത്തായിരിക്കും ഓർത്തോളു …കൃഷ്ണദാസ് ക്ഷോഭത്തോടെ പറഞ്ഞത് കേട്ട്, നിസ്സഹായനായി നില്ക്കുന്ന മകനെ കണ്ടപ്പോൾ ദിനേശന് സങ്കടം തോന്നി.ഇഷ്ടമില്ലാത്ത വിവാഹത്തിന് എന്തിനാണവനെ നിർബന്ധിക്കുന്നത്?ദിനേശൻ ധൈര്യം സംഭരിച്ച് കൃഷ്ണദാസിനോട് ചോദിച്ചുഅവൻ്റെ ഇഷ്ടാനിഷ്ടങ്ങൾ തീരുമാനിക്കുന്നത് ഞാനാണഅവൻ ഞാൻ പറയുന്നതേ അനുസരിക്കു ,ദിനേശൻ ഇതിൽ തലയിടേണ്ട, ‘

ഞാനവൻ്റെ അച്ഛനാണ് എനിക്കുമുണ്ട് അവൻ്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശംഹ ഹ ഹ അച്ഛനോ?അത് ഞങ്ങൾക്കും കൂടി തോന്നണ്ടേ? മക്കളെ ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛനാകില്ല ,അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛൻ്റെ സാന്നിദ്ധ്യമുണ്ടാവണം ,മക്കളോട് കരുതലും സ്നേഹവുമൊക്കെയുണ്ടാവണംഇതൊക്കെ ദിനേശൻ എപ്പാഴെങ്കിലും പ്രകടിപ്പിച്ചിട്ടുണ്ടോ?അയാൾ പുശ്ചത്തോടെ ദിനേശനെ നോക്കി.എനിക്കതിനുള്ള അവസരം നിങ്ങൾ തന്നിട്ടുണ്ടോ ?

ഓഹ് തന്നിരുന്നെങ്കിൽതാനങ്ങ് മല മറിച്ചേനെ? ചുമ്മാ ബഡായി പറയാതെ അപ്പുറത്തെങ്ങാനും പോയിരിക്ക്,ഞാൻ ബഡായി പറയുവല്ല, എൻ്റെ മകൻ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനവൻ്റെ ഇഷ്ടം മാത്രമേ നോക്കുകയുള്ളു, അല്ലാതെ തറവാടിത്തവും പറഞ്ഞിരിക്കില്ലായിരുന്നു ,അത്രയും പറഞ്ഞ് ദിനേശൻ പുറത്തേയ്ക്കിറങ്ങിപ്പോയി.തെക്കേപറമ്പിലെ കുളപ്പടവിലിരുന്ന് തെളിഞ്ഞ വെള്ളത്തിലൂടെ നീങ്ങുന്ന പരൽ മീനുകളെ നോക്കിയിരിക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു

സ്വന്തം മകൻ്റെ വിവാഹകാര്യത്തിൽപ്പോലും തനിക്ക് നിസ്സംഗനായി നില്ക്കേണ്ടി വരുന്നതോർത്തിട്ട് അയാൾക്ക് സ്വയം അവജ്ഞതോന്നി.പിന്നിൽ കാലടി ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞ് നോക്കുമ്പോൾ സങ്കടം തിങ്ങിയ മുഖവുമായി നില്ക്കുന്ന യദുവിനെയാണ് കണ്ടത്എന്നോട് ക്ഷമിക്കൂ അച്ഛാ…യദുകൃഷ്ണൻ ,അച്ഛൻ്റെ അരികിലിരുന്ന് അയാളുടെ തോളിൽ കൈയ്യിട്ട് കൊണ്ട് ക്ഷമ ചോദിച്ചു.അതിന് മോൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ? നീയും നിൻ്റെ അമ്മയും മുത്തച്ഛനെ ആവശ്യത്തിലധികം ആശ്രയിച്ചു അതിൽ അച്ഛനും തെറ്റുകാരനാണ് വിദേശത്ത് ജോലി ആയിരുന്നത് കൊണ്ട് നിങ്ങളുടെ നല്ല പ്രായത്തിൽ അച്ഛന് നിങ്ങളെ നേരാംവണ്ണം ശ്രദ്ധിക്കാൻ പറ്റിയില്ല ,

അത് കൊണ്ട് തന്നെ മുത്തച്ഛനെ വെല്ലുവിളിച്ച് നിങ്ങളെ എൻ്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ അച്ഛന് ധൈര്യമില്ല, കാരണം അച്ഛനോട് നിങ്ങൾ നോ പറഞ്ഞാൽ ഞാൻ തോറ്റ് പോകും മോനേ …ഇല്ലച്ഛാ… അച്ഛൻ തോല്ക്കില്ല,അച്ഛൻ കരുതുന്നത് പോലെ മുത്തച്ഛനോട് ഞങ്ങൾക്കുള്ളത് സ്നേഹമല്ല, ഭയം കൊണ്ടുള്ള വിധേയത്വം മാത്രമാണ്,മക്കളുടെ ഉള്ള് മനസ്സിലാക്കാൻ സ്വന്തം അച്ഛനേ കഴിയുള്ളുവെന്ന് എനിക്കിപ്പോൾ മനസ്സിലായി ,നമുക്കിവിടുന്ന് അച്ഛൻ്റെ വീട്ടിലേയ്ക്ക് പോകാമച്ഛാ… ചെറുതാണെങ്കിലും ആ വീട്ടിൽ എനിക്കും അമ്മയ്ക്കുമൊക്കെ സ്വതന്ത്രമായി കഴിയാമല്ലോ ?

അവിടെ അച്ഛനായിരിക്കും ഞങ്ങളുടെ ഹീറോ ,,,പക്ഷേ, അമ്മ വരുമെന്ന് തോന്നുന്നില്ല മോനേ…വരുമച്ഛാ … അമ്മയാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്ങ്ഹേ,,സത്യമാണോ മോനേ ..വിശ്വാസം വരാതെ മകൻ്റെ മുഖത്തേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോഴാണ് ,കുറച്ചകലെ മട്ടുപ്പാവിൽ നിന്ന് കൊണ്ട്, തന്നെ നോക്കി ചിരിതൂവുന്ന സുധാമണിയെ അയാൾ കണ്ടത്..