Saturday, April 20, 2024
Home Blog

നിങ്ങൾ തമ്മിൽ അരുതാത്തതെന്തൊക്കെയോ വിവാഹത്തിന് മുമ്പ് സംഭവിച്ചിട്ടുണ്ടെന്ന്, ഗിരിക്ക് എപ്പോഴും സംശയമാണ്””

0

എഴുത്ത്: Saji Thaiparambu

“ഉമ്മാ … എത്ര നേരമായുമ്മാ, ഒരു ചായ ചോദിച്ചിട്ട്, ഉച്ചയ്ക്ക് മുമ്പെങ്കിലുമൊന്ന് കിട്ടുമോ?”എന്റെ റസൂലെ, പണ്ടത്തെപ്പോലെ എനിക്ക് ഓടിനടന്ന് ചെയ്യാനുള്ള ആരോഗ്യമൊന്നുമില്ലന്ന്, നിനക്കറിയാവുന്നതല്ലേ”ന്നാ പിന്നെ ,നിങ്ങക്ക് ഞാൻ വൈകിട്ട് വരുമ്പോൾ, ഒരു കുപ്പി ബൂസ്റ്റ് വാങ്ങിച്ചോണ്ട് വരാം, അത് കഴിച്ചാൽ ,നല്ല എനർജിയുണ്ടാകുമെന്നാ പറയുന്നെ””എനിക്ക് നിന്റെ ബൂസ്റ്റുo, ഹോർലിക്സുമൊന്നും വേണ്ട ,നീയെനിക്കൊരു സഹായത്തിന് ഒരു പെങ്കൊച്ചിനെ കൊണ്ട് തന്നാൽ മതി ,എത്ര നാളായിട്ട് ഉമ്മാ നിന്നോട് പറയുന്നതാ”

“അതിന് നമ്മുടെ നാണിത്തള്ളയെ വിളിച്ചാൽ പോരെ ?അതാകുമ്പോൾ, ഉമ്മാക്ക് മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാമല്ലോ””ദേ, റസുലെ നീയെന്റെ കയ്യീന്ന് മേടിക്കും ,എടാ നീ ഒരുത്തിയെ,നിക്കാഹ് ചെയ്തോണ്ട് വരുന്ന കാര്യമാ ഞാൻ പറഞ്ഞത്””എന്റെ തള്ളേ.. നടക്കുന്ന കാര്യം വല്ലതും പറയ് ,ഇനിയെന്റെ ജീവിതത്തിൽ ,ഒരു പെണ്ണിനെയും, കൂടെ കൂട്ടില്ലന്ന് ഞാൻ ശപഥം ചെയ്തിട്ടുള്ളതാ”

“ഒരുത്തി നിന്നെ ഇട്ടേച്ച് പോയെന്ന് കരുതി, എല്ലാ പെണ്ണുങ്ങളും അങ്ങനെയാവണമെന്നുണ്ടോ?”ഓഹ് ,എന്നെ ഉപേക്ഷിച്ചവൾ മറ്റൊരുത്തന്റെ കൂടെ പോയതാണെങ്കിൽ സമാധാനമുണ്ടായിരുന്നു ,ഇതിപ്പോൾ, ഗാർഹിക പീഡനമെന്ന് പറഞ്ഞ്, എന്നെയും നിങ്ങളെയും പ്രതിയാക്കി ,കേസ്സ് കൊടുത്തിട്ട് , ഡൈവോഴ്‌സും വാങ്ങിയിട്ട്, അവസാനം ,ഞാനവൾക്ക് മാസാമാസം ജീവനാംശവും കൊടുക്കണം ,

പണ്ടാരാണ്ട് പറഞ്ഞത് പോലെ,സീ സി ഇട്ട് കാറെടുത്തിട്ട് ,കള്ളൻ കൊണ്ട് പോയെന്ന് പറഞ്ഞപോലെയായി,സി സി, കൃത്യമായി ബാങ്കിലടയ്ക്കുകയും വേണം,
വാഹനമൊട്ട് ഓടിക്കാനും കഴിയില്ല””അതോർക്കുമ്പോഴാടാ മോനേ .. ഉമ്മായ്ക്കും ഒരു വിഷമം, ഞാനെന്റെ സ്വന്തം മോളെപ്പോലെയല്ലേ, ഓളെ നോക്കിയത് ,എന്നിട്ടും അവളെന്നോടിങ്ങനെ ചെയ്തില്ലേ?

“നിങ്ങളൊരു തെറ്റും ചെയ്തിട്ടില്ലുമ്മാ..നിങ്ങളെ ഞാൻ , സ്നേഹിക്കാൻ പാടില്ലന്ന്, അവൾ ശാഠ്യo പിടിച്ചപ്പോഴൊന്നും, ഞാനത് ചെവികൊണ്ടില്ല, അതാണ്, അവൾക്ക് എന്നോടുo, നിങ്ങളോടും ദേഷ്യം തോന്നാൻ കാരണം”അപ്പോഴേക്കും, റസൂലിന്റെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തു.”ങ്ഹാ ,പറയെടാ ഹരീ ..”

“ഡാ ,റസൂലേ.. ശ്രീക്കുട്ടി ആശുപത്രിയിലാണെന്ന് ,നീയൊന്ന് ബൈക്ക്മെടുത്തോണ്ട് എന്റെ വീട്ടിലോട്ട് വരുമോ ?എന്റെ വണ്ടി ബ്രേക്ക് ഡൗണാ””എന്ത് പറ്റിയെടാ അവൾക്ക്?”കൃത്യമായിട്ടൊന്നുമറിയില്ലെടാ ,സൂയിസൈഡ് അറ്റംപ്റ്റ് എന്നാ കേട്ടത്, അവളുടെ ഭർത്താവ് ഗിരിയുമായി ഇന്നലെ രാത്രിയിൽ ചെറിയ വഴക്കുണ്ടായിരുന്നു ,ഞാനും അച്ഛനുമൊക്കെ പോയി ,

പ്രശ്നം സോൾവ് ചെയ്തതാ, പക്ഷേ രാവിലെ അവിടുന്ന് ഫോൺ വന്നു,
വേഗം ഹോസ്പിറ്റലിലേക്ക് ചെല്ലാൻ ,നീയൊന്ന് വേഗം വരാൻ നോക്ക്””ഞാൻ ദേ എത്തി ,നീ സമാധാനമായിട്ടിരിക്ക്”ഹോസ്പിറ്റലിലെത്തി, കാഷ്വാലിറ്റിയിൽ അന്വേഷിച്ചപ്പോൾ, പേഷ്യന്റ് ഒബ്സർവേഷൻ റൂമിലുണ്ടെന്നറിഞ്ഞപ്പോഴാണ് , രണ്ട് പേർക്കും സമാധാനമായത്.ആ വലിയ റൂമിന്റെ അങ്ങേയറ്റത്തെ ബെഡ്ഡിൽ ,ട്രിപ്പിട്ട് കിടക്കുന്ന ശ്രീക്കുട്ടിയെയും ,അവളുടെ അടുത്തിരിക്കുന്ന ഏടത്തിയമ്മയേയും, വാതിൽക്കൽ നിന്ന് തന്നെ കാണാമായിരുന്നു.

“നീയെന്ത് അബദ്ധമാ ശ്രീക്കുട്ടീ.. ഈ കാണിച്ചത്, ഭാഗ്യം കൊണ്ടല്ലേ രക്ഷപെട്ടത്”ഹരി ,അവളെ ശകാരിച്ചു.”ശരിയാണ് ഹരി, ആ സമയത്ത് ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ കാണുന്നത് , കറിക്കരിയുന്ന പിച്ചാത്തിയെടുത്ത്, കൈത്തണ്ട മുറിക്കാനൊരുങ്ങുന്ന ശ്രീക്കുട്ടിയെ ആണ്, പെട്ടെന്ന് ഓടി ചെന്ന് തടഞ്ഞത് കൊണ്ട്, ഭാഗ്യത്തിന് ഞരമ്പ് മുറിഞ്ഞില്ല”

ഏട്ടത്തിയമ്മ ,ഹരിയോട് പറഞ്ഞു .”എന്നിട്ട് ഗിരി അളിയനെവിടെ?”ഇന്നലെ രാത്രി നിങ്ങള് വന്ന് പോയതിന് ശേഷം ,ഇവര് വീണ്ടും വഴക്കിട്ടു ,അന്നേരം ഇറങ്ങി പോയതാണ് ഗിരി, പിന്നിത് വരെ വന്നിട്ടില്ല”

“എന്റെ ശ്രീക്കുട്ടീ.. ഇതെത്ര തവണയായി, നിങ്ങളീ വഴക്കുമായി ബാക്കിയുള്ളവരുടെ സമാധാനം കളയുന്നു ,ഇനിയെങ്കിലുമൊന്ന് നിർത്തിക്കൂടെ?”നിർത്തിയേട്ടാ… എല്ലാം ഞാൻ അവസാനിപ്പിക്കുയാണ് ,ഞാനിനി ജീവനോടെ ഇരിക്കണമെങ്കിൽ, ഈ ബന്ധം ഒന്നവസാനിപ്പിച്ച് തരണം,അങ്ങേരോടൊപ്പം എനിക്കിനി ജീവിക്കാൻ കഴിയില്ല, ഞാനത്രയ്ക്ക് സഹികെട്ടു”

അതും പറഞ്ഞവൾ ഹരിയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു .”ദേ ഈ മരുന്ന് പുറത്ത് നിന്ന് വാങ്ങി കൊണ്ട് വരണം ,ഇൻഞ്ചക്ഷനുള്ളതാ”അപ്പോഴേക്കും ഒരു നഴ്സ് മുറിയിലേക്ക് വന്ന് പറഞ്ഞു.”ഇങ്ങ് തരു”റസൂലത് വാങ്ങി.”ഞാനും വരുന്നെടാ”ഹരിയും അവനെ അനുഗമിച്ചു.”എന്താടാ ശരിക്കും അവർക്കിടയിലെ പ്രശ്നം””റസുലെ, നീ തന്നെയാണ് അവരുടെ പ്രശ്നം””ങ്ഹേ, ഞാനോ ? നീയെന്താ ഹരീ.. ഈ പറയുന്നത്”റസുൽ, അമ്പരന്നു.”അതേടാ ,അവർ വഴക്കിടുന്നത് നിന്റെ പേരും പറഞ്ഞാ ,

നിങ്ങൾ തമ്മിൽ അരുതാത്തതെന്തൊക്കെയോ വിവാഹത്തിന് മുമ്പ് സംഭവിച്ചിട്ടുണ്ടെന്ന്, ഗിരിക്ക് എപ്പോഴും സംശയമാണ്””എന്ത് സംഭവിച്ചിട്ടുണ്ടെന്ന് ,എന്നിട്ട് നീയത് വിശ്വസിച്ചോ?”ഇല്ലെടാ..ശ്രീക്കുട്ടി ഒരിക്കൽ എന്നോടും ,അച്ഛനോടും ചിലതൊക്കെ പറഞ്ഞിരുന്നു,
അവൾക്ക് നിന്നെ ,ഒരുപാടിഷ്ടമായിരുന്നെന്നും, പക്ഷേ, നീ അവളുടെ ഇഷ്ടത്തെ അവഗണിച്ചെന്നും,ജാതിയുടെയും മതത്തിന്റെയുo പൊരുത്തക്കേട് പറഞ്ഞ് ,അവളെ നീ ,അതിൽ നിന്ന് പിന്തിരിപ്പിച്ചെന്നു മൊക്കെ ,എന്തിനായിരുന്നെടാഅത്, അവൾക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നത് കൊണ്ടല്ലേ?

നിസ്സാര കാര്യങ്ങൾക്ക് പോലും, ഗിരിയുമായി എന്നും അവൾ കലഹിച്ചിരുന്നതും, ഇപ്പോൾ അയാളുമായി പിരിയാൻ ശ്രമിക്കുന്നതും””ങ്ഹേ, സത്യമാണോഹരീ.. നിയീ പറയുന്നത്?”അതേടാ, ഞാനെന്തിനാ നിന്നോട് കളവ് പറയുന്നത്,””പക്ഷേ ഹരീ…നിനക്കറിയില്ലേ?
ഞാനവളെ ഒരിക്കലും ആ രീതിയിൽ കണ്ടിട്ടില്ല,എന്റെ ചങ്കിന്റെ പെങ്ങള്, എന്റെയും പെങ്ങള് തന്നെയാണ് , അങ്ങനെയേ, ഞാൻ ചിന്തിച്ചിട്ടുള്ളു””അതെനിക്കറിയാമെടാ, ആങ്ങളയുടെ സ്ഥാനത്ത് അവളുടെ കൂടെപിറപ്പായി പിറന്ന ഞാനുണ്ട് ,പക്ഷേ അവൾക്ക് വേണ്ടത് ,അവളെ മനസ്സിലാക്കുന്ന ഒരു ഭർത്താവിനെയാണ്,
അതീ ലോകത്ത് നിനക്കല്ലാതെ ,മറ്റൊരാൾക്കും കഴിയില്ലന്ന്‌ ,അവൾ നിസ്സംശയം തെളിയിച്ച് കഴിഞ്ഞു”

“എന്നാലുമുണ്ടല്ലോ ഹരീ, പിന്നെയും പ്രശ്നങ്ങൾ, നിന്റെ അച്ഛനിത് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? എന്നും അമ്പലത്തിൽ പോകാൻ കഴിയില്ലെന്നും പറഞ്ഞ്,

വീട്ടിൽ തന്നെ, ഒരു പൂജാമുറി പണിത് നിത്യവും പ്രാർത്ഥനയുമായി നടക്കുന്നയാളല്ലേ ?അദ്ദേഹം ഒരിക്കലുമിത് സമ്മതിക്കില്ല””ഹ ഹ ,ഡാ റസൂലേ .. നീയാ പൂജാമുറി തുറന്ന് കണ്ടിട്ടില്ലല്ലോ ,അതിനകം ശൂന്യമാണ്, ഒരു ദൈവങ്ങളുടെയും ഫോട്ടോ,

അതിനകത്തില്ല ,എന്നും കുറച്ച് നേരം ,അച്ഛന് ധ്യാനനിരതനായി ഇരിക്കാൻ വേണ്ടി മാത്രമാണത്,ഇന്നലെ ശ്രീക്കുട്ടീടെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ, അച്ഛൻ എന്നോട് ചോദിക്കുവാ, ആ റസുലിന് എന്റെ മോളെ എന്ത് കൊണ്ടാടാ ഇഷ്ടപ്പെടാതിരുന്നതെന്ന് ,

എന്റെ മോളെ മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ലല്ലോ എന്ന്, മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്ക് ജാതിയും മതവും ഒരിക്കലുമൊരു തടസ്സമല്ലടാ””ഉം .. ഇതെന്റെ ഉമ്മയും പണ്ട് പറഞ്ഞതാ,

എന്ത്?”റസൂലേ.. നിനക്ക് ചേരുന്നത്, നമ്മടെ ശ്രീക്കുട്ടി തന്നെയാണെന്ന്”അതും പറഞ്ഞ് റസൂല്, ഹരിയെ നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി.

(NB : പ്രിയപ്പെട്ട എന്റെ വായനക്കാരോട് , നിങ്ങൾക്കിത് ഇഷ്ടമായില്ലെങ്കിൽ ധൈര്യമായി തുറന്ന് പറയാം ,ദയവ് ചെയ്ത് സ്റ്റിക്കറടിച്ച് എന്നെ അപമാനിക്കരുത് പ്ളീസ്)